നോവ സ്കോഷ്യയിലെ ആരോഗ്യ പരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് മെഡിക്കൽ ഗവേഷണങ്ങളിൽ പങ്കാളികളാകാൻ നിവാസികൾക്ക് ഇപ്പോൾ അവസരം. ഹെൽത്ത് കാർഡ് പുതുക്കുമ്പോഴോ എം.എസ്.ഐ (MSI) വഴി നേരിട്ടോ ഇനി മുതൽ ഗവേഷണങ്ങൾക്കായി സന്നദ്ധത അറിയിക്കാം.
19 വയസ്സും അതിനു മുകളിലും പ്രായമുള്ള നോവ സ്കോട്ടിയ നിവാസികൾക്ക് മെഡിക്കൽ ഗവേഷണങ്ങളുടെ ഭാഗമാകാൻ ഇപ്പോൾ സാധിക്കും. ഹെൽത്ത് കാർഡിന് അപേക്ഷിക്കുമ്പോഴോ അത് പുതുക്കുമ്പോഴോ ഗവേഷണങ്ങളിൽ താൽപ്പര്യമുണ്ടെന്ന് രേഖപ്പെടുത്താം. അല്ലെങ്കിൽ മെഡിക്കൽ സർവീസസ് ഇൻഷുറൻസുമായി (MSI) നേരിട്ട് ബന്ധപ്പെട്ടും പേര് രജിസ്റ്റർ ചെയ്യാം. രോഗികൾക്ക് ക്ലിനിക്കൽ പരീക്ഷണങ്ങളുടെയും പുതിയ ചികിത്സാ രീതികളുടെയും ഭാഗമാകാൻ ഈ പദ്ധതി കൂടുതൽ എളുപ്പത്തിൽ വഴിയൊരുക്കുമെന്ന് പ്രീമിയർ ടിം ഹൂസ്റ്റൺ പറഞ്ഞു.
സന്നദ്ധപ്രവർത്തകർക്ക് പ്രധാനമായും നാല് രീതികളിൽ ഗവേഷണങ്ങളിൽ സഹകരിക്കാം. തങ്ങൾക്ക് അനുയോജ്യമായ ക്ലിനിക്കൽ ട്രയലുകൾ വരുമ്പോൾ അധികൃതർക്ക് അവരെ ബന്ധപ്പെടാം. പഠനങ്ങൾക്കായി ആരോഗ്യ വിവരങ്ങളും സാമ്പിളുകളും നൽകാം. ഗവേഷണ ഏജൻസികളുമായി വിവരങ്ങൾ പങ്കുവെക്കാൻ അനുമതി നൽകാം. നൂതനമായ ചികിത്സാ രീതികൾ വികസിപ്പിക്കാൻ ശാസ്ത്രജ്ഞരുമായി സഹകരിക്കാം.
ഈ പുതിയ സംവിധാനം നോവ സ്കോഷ്യയെ ആഗോള മെഡിക്കൽ ഗവേഷണ ഭൂപടത്തിൽ മുൻനിരയിലെത്തിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിശ്വാസം. ആരോഗ്യ പരിചരണത്തിൻ്റെ ഭാഗമായി തന്നെ ഗവേഷണങ്ങളെ മാറ്റുന്നത് ജനങ്ങളിൽ വിശ്വാസം വർധിപ്പിക്കുമെന്ന് നോവ സ്കോഷ്യ ഹെൽത്തിലെ ഡോ. ആഷ്‌ലി ഹിൽച്ചി അഭിപ്രായപ്പെട്ടു. ഹെൽത്ത് കാർഡ് സേവനങ്ങളും രജിസ്ട്രേഷനും എളുപ്പമാക്കുന്നതിനായി സർക്കാർ ഒരു പുതിയ വെബ് പോർട്ടലും സജ്ജമാക്കുന്നുണ്ട്. ഇതോടെ കടലാസ് ജോലികളും ഫാക്സ് അയക്കലും ഒഴിവാക്കി കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കാം.